ചെന്നൈ: ചെസ് ഇതിഹാസം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച് സഹോദരി വൈശാലി രമേശ്ബാബു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയില്‍ നിന്നും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന വനിതാ താരമാണ് 22കാരിയായ വൈശാലി.
സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്സില്‍ 2,500 ഫിഡെ റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയതോടെയാണ് വൈശാലി നേട്ടത്തിന് അര്‍ഹയായത്. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ താരത്തിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നത്.
ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി പ്രഗ്നാനന്ദയും വൈശാലിയും മാറുകയും ചെയ്തു. 2018ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ബഹുമതിയും പ്രഗ്നാനന്ദയെ തേടിയെത്തിയിരുന്നു.