ഫിലിപ്പീൻസിലെ മിൻഡാനോയിൽ ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ രാജ്യം നടുങ്ങിയിരിക്കുകയാണ്. 7.5 തീവ്രതയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ വ്യാപ്തി 63 കിലോമീറ്ററായിരുന്നു. ഇതിനുപിന്നാലെ 500ലധികം തുടർചലനങ്ങളും രൂപപ്പെട്ടിരുന്നു. തുടർന്ന് ഫിലിപ്പീൻസിലും ജപ്പാനിലും സൂനാമിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രതീരത്തായതിനാൽ ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്ന് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രം തിരുവനന്തപുരം, മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.കെ രാമചന്ദ്രൻ പറഞ്ഞു.
ഫിലിപ്പീൻസിന്റെ കാര്യമെടുത്താൽ, പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ അതിർത്തി രേഖപ്പെടുത്തുന്ന പസഫിക് ഭൂഫലകത്തിനു തൊട്ടടുത്താണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. സമുദ്രത്തിനടിയിൽ ഭൂചലനം ഉണ്ടാകുമ്പോഴാണ് അത് സൂനാമിയായി മാറുന്നത്. തീരത്തോട് അടുക്കുമ്പോൾ തിരമാലകൾക്ക് വലുപ്പം കൂടുന്നു. നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജി സർവേ (യുഎസ്ജിഎസ്) നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ജപ്പാനിലും ഫിലിപ്പീൻസിലും സൂനാമിയുണ്ടാകുക വിരളമാണ്. പസഫിക് സമുദ്രത്തിൽ ഭൂകമ്പം ഉണ്ടായാൽ ഇന്ത്യയെ ബാധിക്കില്ല.–ഡോ. കെ.കെ രാമചന്ദ്രൻ വ്യക്തമാക്കി.
ഭൂകമ്പത്തെ തുടർന്ന് ഫിലിപ്പീൻസിലെ സുരിഗാവോ ഡെൽ സൂർ, ദാവോ ഓറിയന്റൽ പ്രവിശ്യകളുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു വരികയാണ്. ഭൂകമ്പത്തിന്റെ ആഘാതം വിലയിരുത്തുകയാണെന്ന് അധികൃതർ അറിയിച്ചു.