പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ ജയിച്ചുകഴിഞ്ഞുവെന്ന സ്വയം ധാരണയാണ് കോണ്‍ഗ്രസിനെ ആപത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാം എന്ന് കരുതിയെങ്കിലും യോജിക്കാവുന്നവരെ യോജിപ്പിക്കാന്‍ ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘രാജ്യം നാലിടത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പായി ഇതിനെ കണ്ടു. തെലങ്കാന ഒഴികെ ജനങ്ങള്‍ ആകെ പ്രതീക്ഷിച്ചത് ബിജെപി തകര്‍ച്ചയായിരുന്നു. എന്നാല്‍ ബിജെപിയെ നേരിടുമ്പോള്‍ ആകാവുന്ന അത്ര യോജിച്ച നില ഉണ്ടാക്കുകയെന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. എന്നാല്‍ അത് സംഭവിച്ചില്ല.’ മുഖ്യമന്ത്രി പറഞ്ഞു.
തങ്ങള്‍ ഇപ്പോള്‍ തന്നെ വിജയിച്ചുകഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് ചിന്തിച്ചത്. മുട്ടാപ്പോക്ക് നയം തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു. കോണ്‍ഗ്രസ് സമാജ്‍വാദി പാര്‍ട്ടിയോട് സ്വീകരിച്ച നിലപാടില്‍ അഖിലേഷ് യാദവ് മുന്നറിയിപ്പ് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി രാജ്യത്ത് നടത്തുന്ന തെറ്റായ നയങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. കമല്‍നാഥ് ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിച്ചു. വര്‍ഗീയതക്കെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം അതിന്റെ ഭാഗമായി നിലകൊണ്ടു. വര്‍ഗീയതയെ എതിര്‍ക്കുന്ന നിലപാട് തിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്ന് കണക്കാക്കി. ചൗഹാനെ ഉയര്‍ത്തികാട്ടാന്‍ ബിജെപി പോലും തയ്യാറായില്ല. അവിടെ മറ്റു മതേതര പാര്‍ട്ടികളെ യോജിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ബിജെപി നല്ല നിലയില്‍ സീറ്റ് നേടി വിജയിക്കുന്നു എന്ന അവസ്ഥ വന്നു. ഈ ദുര്‍ഗതി വരുത്തിയത് കോണ്‍ഗ്രസാണ്. അത് കോണ്‍ഗ്രസ് തിരിച്ചറിയണം. ഒറ്റക്ക് നിന്നാല്‍ വിജയിച്ചുകളയാം എന്നത് നടക്കില്ല പാഠം പാര്‍ട്ടി ഉള്‍ക്കൊള്ളണം. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.