തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു സിപിഐഎം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
അതേസമയംസിപിഐ കോൺഗ്രസിന് കൈകൊടുത്ത് സംസ്ഥാനത്ത് മത്സരിക്കാനും തീരുമാനിച്ചു. തെലങ്കാനയിൽ കോൺഗ്രസ് ഭരണമുറപ്പിക്കുമ്പോൾ ഭരണപക്ഷത്ത് ഒരു സിപിഐ എംഎൽഎ കൂടി ഉണ്ടാകും. കോതഗുഡം മണ്ഡലത്തിൽ സി പി ഐയുടെ കുനംനേനി സാംബശിവ റാവു ആണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ഈ ഒരു സീറ്റിൽ മാത്രമാണ് സിപിഐ തെലങ്കാനയിൽ മത്സരിച്ചിരുന്നതും. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോതഗുഡം സീറ്റിൽ കോൺഗ്രസാണ് ജയിച്ചിരുന്നത്.
തെലങ്കാനയിൽ 63 സീറ്റുകൾ ലീഡ് തുടർന്ന് ഭരണ ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ഭരണ തുടർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ബിആർഎസ് 40 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. എക്സിറ്റ് പോളിൽ കോൺഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങൾ യാഥാർഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. തെലങ്കാനയിൽ ബിജെപി 9 സീറ്റുകളിൽ വിജയമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആർ എസ് അല്ലാതെ മറ്റൊരു പാർട്ടി തെലങ്കാന ഭരിക്കാൻ കളമൊരുങ്ങുന്നത്.മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. കെ സി ആർ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.