തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനേക്കാൾ സന്തോഷിക്കുന്നത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിന്റെ നയപരമായ സമീപനങ്ങളിൽ പിണറായി വിജയന്റെ ഉപദേശം വേണ്ട. പകൽ ബിജെപി വിരോധം പറയുന്നതും രാത്രി സന്ധി ചെയ്യുന്നതുമാണ് പിണറായി വിജയന്റെ നയമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
ലാവലിൻ കേസ് 38-ാമത്തെ തവണയാണ് മാറ്റിവെക്കുന്നത്. ഏത് തരത്തിലുള്ള ബന്ധമാണ് വളരുന്നത്. കേരളത്തിൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരു ദിവസം ഇല്ലാതായി. സംഘപരിവാറിന് വേണ്ടി ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കാതെ മന്ത്രിമാരെ കൂട്ടി ടൂർ പോയതിനെ അശ്ലീല നാടകം എന്ന് തന്നെ പറയുമെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രഭാവർമ്മയോട് ചോദിച്ചാൽ അശ്ലീലം എന്ന വാക്കിന്റെ മറ്റൊരു തലം മുഖ്യമന്ത്രിക്ക് മനസ്സിലാവും. ആണ്ടി വലിയ അടിക്കാരെനാണെന്ന് ആണ്ടി തന്നെ പറഞ്ഞു നടക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ കാര്യമെന്ന് വി ഡി സതീശൻ പറഞ്ഞു.
കണ്ണൂർ വി സി പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണം എന്ന് വി ഡി സതീശൻ ആവർത്തിച്ചു. സുപ്രീംകോടതി തന്നെ നിയമ ലംഘനം ചൂണ്ടികാട്ടി. മന്ത്രി രാജിവെക്കണം അല്ലെങ്കിൽ പുറത്താക്കണം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ബ്ലോഗറെ ആക്രമിച്ച സംഭവത്തിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ പരിഹസിച്ചു. മഹാരാജാവ് വരുമ്പോൾ കരുതൽ തടങ്കലിൽ ആവും, പിടിച്ച് കൊണ്ട് പോകും. മുഖ്യമന്ത്രിയുള്ളപ്പോൾ കറുപ്പ് ഇട്ട് പുറത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുക എന്നും വി ഡി സതീശൻ പറഞ്ഞു.