Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട് ഫറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി

കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി

കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി. ഫറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പരിപാടി റദ്ദാക്കി. തന്റെ ധാർമിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാൻ കാരണമെന്നാണ് സ്റ്റുഡൻ്റ്സ് യൂണിയൻ പറഞ്ഞത്. ഈ പ്രവര്‍ത്തിയിലൂടെ താന്‍ അപമാനിക്കപ്പെട്ടെന്ന് ജിയോ ബേബി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

പരിപാടി റദ്ദാക്കിയത് മുൻകൂട്ടിയറിയാതെ താന്‍ കോഴിക്കോട് വരെ എത്തി. കാരണം ചോദിച്ച് പ്രിൻസിപ്പലിന് മെയിൽ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാർത്ഥി യൂണിയന്റെ കത്ത് മാത്രമാണ് ലഭിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി. വിഷയത്തെ നിയമപരമായി നേരിടുമെന്നും ജിയോ ബേബി പറഞ്ഞു.

ജിയോ ബേബി വീഡിയോയിലൂടെ പറഞ്ഞത്

ഡിസംബർ അഞ്ചിന് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തീയതി ഞാൻ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തുവെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. അവർക്കും വളരെ വേദന ഉണ്ടായെന്നും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ, വ്യക്തമായൊന്നും പറഞ്ഞില്ല.

സോഷ്യൽ മീഡിയയിൽ പരിപാടിയുടെ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് കാരണം ചോദിച്ച് ഞാൻ പ്രിൻസിപ്പലിന് മെയിൽ ആയച്ചു. വാട്സാപ്പിലും മെസേജ് ചെയ്തു. ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് ഫറൂഖ് കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ ഒരു കത്ത് ലഭിച്ചു. അതിൽ എഴുതിയിരിക്കുന്നത്,

“ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല”,

എന്റെ ധാർമ്മിക മൂല്യങ്ങൾ പ്രശ്നമാണെന്നാണ് സ്റ്റുഡൻസ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരു ദിവസത്തോളം യാത്ര ചെയ്തു ഞാൻ. അതിനെക്കാളുപരി ഞാൻ അപമാനിതൻ ആയി. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധമാണിത്. ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com