മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടുദിവസത്തോളം ഒളിച്ചുവെക്കുകയായിരുന്നു. പിന്നീട് ഇത് കളയാൻ ശ്രമിക്കവെയാണ് കൗമാരക്കാരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം ഒളിപ്പിച്ചുവെച്ച വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.
കൗമാരക്കാരനെ കുടുംബം ജൽന ജില്ലയിലേക്ക് ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കൊല്ലപ്പെട്ട ദിവസം ഐസ്ത്രീം വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെൺകുട്ടി. എന്നാൽ വീട്ടിലേക്ക് മടങ്ങി എത്തിയില്ല. കുറെസമയമായിട്ടും കുട്ടിയെ കാണാഞ്ഞതിനാൽ വീട്ടുകാർ അന്വേഷണം തുടങ്ങി. എന്നാൽ കണ്ടെത്താനായില്ല. പിന്നീട് കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയിട്ടും പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അയൽപക്കത്തുള്ള വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പെൺകുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അവർ ആ വീട്ടിൽലെത്തുകയും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ കാലുകൾ ബെൽറ്റു കൊണ്ട് കെട്ടിയ നിലയിലായിരുന്നു. ഈ ബെൽറ്റ് കണ്ട് തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് പ്രതിയെ കണ്ടുപിടിക്കാൻ സഹായിച്ചത്. തുടർന്ന് കൗമാരക്കാരന്റെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ എല്ലാ കാര്യങ്ങളും പുറത്തുവന്നു. ഉടൻ പൊലീസ് ജൽനയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പെൺകുട്ടി കളിയാക്കിയതിനാലാണ് ദാരുണകൃത്യം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം വീട്ടിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഗതി മനസിലാക്കിയത്. പിന്നീട് അയാൾ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ടു. മകനെ ബന്ധുവീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.