കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ വീട്ടിൽ നടന്ന തെളിവെടുപ്പ് പൂർത്തിയായി. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. നാലരമണിക്കൂർ നീണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. രാവിലെ 11.30ഓടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂർത്തിയായത്. വീട്ടിൽ നിന്ന് ചില ബാങ്ക് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. തുടർന്ന് കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പ് നടന്നത്.
തെളിവെടുപ്പിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്കരിച്ചു. വാഹനത്തിനായി വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലവും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തേക്കുമാണ് അടുത്ത തെളുവെടുപ്പിനായി പ്രതികളെ കൊണ്ടുപോവുക. തട്ടിക്കൊണ്ടുപോയ കേസിൽ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്.അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്.ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്.