തിരുവനന്തപുരം: പെരുമ്പാവൂരിൽ നവകേരള സദസ്സിന്റെ ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. നവകേരള സദസ്സ് കഴിഞ്ഞതോടെ പ്രതിപക്ഷ നേതാവിന്റെ നില തെറ്റിയെന്നും പ്രതിപക്ഷ നേതാവ് ചാവേറുകളെ അയയ്ക്കുകയാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. വി ഡി സതീശൻ പിച്ചും പേയും പറയുന്നു. വി ഡി സതീശന്റെ മാനസിക നില പരിശോധിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരെ അയയ്ക്കുന്നു. അവര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എറിയുന്നത് തീക്കൊള്ളി കൊണ്ടുള്ള കളിയാണെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പെരുമ്പാവൂരിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കെ എസ് യു പ്രവർത്തകർ ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
സംഭവത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.