പത്തനംതിട്ട: പരമദ്രോഹമാണ് പിണറായി വിജയൻ സർക്കാർ ശബരിമല തീർത്ഥാടകരോട് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കാൻ സർക്കാരിന് മടിയില്ലെങ്കിലും അവഗണന തുടരുകയാണെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടനം പൂർണമായും അട്ടിമറിക്കപ്പെട്ടു. തീർത്ഥാടകർക്ക് നരകയാതനയാണ് അനുഭവിക്കേണ്ടി വരുന്നത്. ദേവസ്വംബോർഡ് പൂർണപരാജയമാണ്. കുടിവെള്ളം പോലും കിട്ടാതെ കുഞ്ഞു മാളികപ്പുറം കുഴഞ്ഞുവീണ് മരിക്കുന്ന സാഹചര്യം പോലുമുണ്ടായില്ല. കുടിവെള്ളം കിട്ടാതെ തീർത്ഥാടകർ വലയുന്നത് അധികൃതരുടെ മുനുഷ്യത്വരഹിതമായ സമീപനം കാരണമാണ്. പരിചയമില്ലാത്ത പൊലീസുകാരെ പതിനെട്ടാംപടിയിൽ നിയമിച്ചത് തിരക്ക് വർദ്ധിക്കാൻ കാരണമായി. മിനുട്ടിൽ 80 മുതൽ 100 വരെ അയ്യപ്പൻമാരെ പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 40 പേരെയൊക്കെയാണ് കയറ്റുന്നത്.
പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരമാണ് യഥാർത്ഥ പ്രശ്നത്തിന് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും സന്നിധാനത്തില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമ മന്ദിരങ്ങളുമില്ല. മാളികപ്പുറങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പമ്പയും നിലയ്ക്കലും സന്ദർശിച്ച ബിജെപി സംഘം സർക്കാർ മുന്നൊരുക്കങ്ങൾ നടത്താത്തതും അടിസ്ഥാന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അന്നദാനവും കുടിവെള്ളവും അയ്യപ്പഭക്തൻമാർക്ക് നൽകിയിരുന്ന സന്നദ്ധ സംഘടനകളെ ഹോട്ടൽ ലോബിക്ക് വേണ്ടി സർക്കാർ വിലക്കിയതിന്റെ ഫലമാണ് ഇപ്പോൾ ഭക്തർക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സാഹചര്യമുണ്ടായത്. നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമല തീർത്ഥാടനം അലങ്കോലമായതിനെ പറ്റി സംസാരിക്കുന്നില്ല. ഒരു മന്ത്രിയേയോ അല്ലെങ്കിൽ ഉദ്യോഗസ്ഥനെയോ സന്നിധാനത്തിലേക്ക് അയക്കാനോ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. 60 ദിവസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ റവന്യു സർക്കാരിന് ഉണ്ടാക്കി കൊടുക്കുന്ന ശബരിമല തീർത്ഥാടനം സർക്കാർ തന്നെ അട്ടിമറിക്കുന്നത് നിർഭാഗ്യകരമാണ്. ഇനിയും ഇത് തുടർന്നാൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ് എന്നിവർ സംബന്ധിച്ചു.