Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ഷൂ പറന്ന് വന്ന് പിണറായി വിജയനെ കൊലപ്പെടുത്തും എന്നാണോ പൊലീസ് പറയുന്നത്? അത്ര ദുർബലനാണോ നിങ്ങളുടെ...

‘ഷൂ പറന്ന് വന്ന് പിണറായി വിജയനെ കൊലപ്പെടുത്തും എന്നാണോ പൊലീസ് പറയുന്നത്? അത്ര ദുർബലനാണോ നിങ്ങളുടെ വകുപ്പ് മന്ത്രി’; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞതിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് നടപടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമത്തിന് കേസെടുക്കുന്നതിന്റെ യുക്തിയെന്താണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ഷൂ പറന്ന് വന്ന് പിണറായി വിജയനെ കൊലപ്പെടുത്തും എന്നാണോ പൊലീസ് പറയുന്നത്?. അത്ര ദുർബലനാണ് നിങ്ങളുടെ വകുപ്പ് മന്ത്രി എന്ന് പൊലീസ് തന്നെ പറയുന്ന അവസ്ഥ ദയനീയമാണ്. ഇത് അധികാര ദുർവിനിയോഗമാണെന്ന് ആ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന ആഡംബര അടിയന്തരാവസ്ഥയോട് ജനം പറയുന്നുണ്ട്. വിജയൻ സേനയുടെ പ്രൊട്ടക്ഷൻ കിട്ടിയിട്ടും സമരം കൂടുകയാണ്, കുറയുകയല്ലെന്ന് വിജയൻ തിരിച്ചറിഞ്ഞാൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ്സിന്റെ ഭാഗമായ യാത്രയിൽ പെരുമ്പാവൂരിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു ബസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകർ ഷൂ എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂ വീണു. സംഭവത്തില്‍ നാല് കെ.എസ്.യു പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി രംഗത്തെത്തിയിരുന്നു. ബസിന് നേരെ ഷൂ എറിഞ്ഞാൽ വധശ്രമക്കേസ് എങ്ങനെയാണ് നിലനിൽക്കുകയെന്ന് ചോദിച്ച കോടതി, മന്ത്രിമാരെ മാത്രമല്ല പൊലീസ് ജനങ്ങളെയും സംരക്ഷിക്കണമെന്നും ചൂണ്ടിക്കാണിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിന് നേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്ക് പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പ് ചുമത്താൻ കഴിയുകയെന്നാണ് കോടതി ചോദിച്ചത്. പൊതുസ്ഥലത്ത് പ്രതികളെ മർദിച്ചവർ എവിടെയെന്നും എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാൻ പൊലീസിന് കഴിയുന്നതെന്നും കോടതി ചോദിച്ചു. പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാനും ഈ പൊലീസുകാർ ആരൊക്കെയെന്ന് പേര് ഉൾപ്പെടെ നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments