മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം കിട്ടാതെ ശബരിമല ഭക്തര്‍ പന്തളത്ത് നിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് മടങ്ങുന്നവരില്‍ ഏറെയും.
കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കല്‍ നിന്നും പമ്പയില്‍ നിന്നും തിരക്കുകാരണം സന്നിധാനത്തേക്ക് പോകാനാകാതെ മടങ്ങിയ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തുന്നത്. ഇവര്‍ക്കായി ക്ഷേത്രത്തിന്റെ കിഴക്ക് തെക്കു മാറി ഹോമകുണ്ഡം ഒരുക്കി.തീര്‍ഥാടകര്‍ക്ക് നെയ് എടുത്തശേഷം തേങ്ങ ഹോമിക്കാനാണിത് ശബരിമലയില്‍ അഭിഷേകം നടത്താനായി കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് ഉപയോഗിച്ച് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ സമര്‍പ്പിച്ചു. തന്ത്രിയുടെയും, ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ആഴി ഒരുക്കിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ശബരിമലയില്‍ നടത്തേണ്ട ചടങ്ങുകള്‍ പന്തളത്ത് നടത്തി നിരാശയോടെയാണ് അയ്യപ്പഭക്തന്മാര്‍ മടങ്ങുന്നത്. പലരും മണിക്കൂറുകളോളം കുടുങ്ങിക്കിടന്നും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞവരാണ്. ആന്ധ്ര, കര്‍ണാടക, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് തീര്‍ഥാടകരാണ് തിങ്കളാഴ്ച ഉച്ചമുതല്‍ പന്തളത്തെത്തിയത്. നാളെയും തിരക്കിന് ക്രമീകരണം ഉണ്ടാക്കിയില്ലെങ്കില്‍ ഇതുപോലെ അയ്യപ്പന്മാര്‍ക്ക് പന്തളത്ത് മാലയൂരി മടങ്ങേണ്ടിവരും.