ന്യൂഡൽഹി: സുരക്ഷാ വീഴ്ചക്കെതിരെ പാർലമെന്റിൽ ബഹളംവെച്ച് പ്രതിഷേധിച്ച അഞ്ച് കോൺഗ്രസ് എം.പിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, തമിഴ്‌നാട്ടിൽ നിന്നുള്ള ജ്യോതിമണി എന്നിവർക്കാണ് സസ്‌പെൻഷൻ. ഈ സമ്മേളനം സമാപിക്കുന്ന ഡിസംബർ 22 വരെയാണ് സസ്പെന്‍ഷന്‍.സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്‌സഭ മൂന്ന് മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയിൽ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
ലോക്സഭയുടെ സുരക്ഷ തന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിശദീകരണം ഇന്നലെ തന്നെ നല്‍കിക്കഴിഞ്ഞെന്നും സ്പീക്കര്‍ ഓംബിര്‍ല വ്യക്തമാക്കി. ഇനിമുതല്‍ പാസ് നല്‍കുമ്പോള്‍ എം.പിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. സുരക്ഷ വീഴ്ച വിലയിരുത്താന്‍ രാവിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി ഇന്നലത്തെ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ സുരക്ഷ ചുമതലയുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.