പത്തനംതിട്ട: അവധി ദിനമായതിനാൽ ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. 2015 ലും 15 മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഇങ്ങനെയുള്ള പ്രതിഷേധമുണ്ടായില്ല. തീർഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ഈ വർഷം കുട്ടികളുടെയും സ്ത്രീ തീർഥാടകരുടെയും എണ്ണം കൂടുതലാണ്. തീർത്ഥാടകരിൽ 30 ശതമാനം ഇങ്ങനെയുള്ളവരാണ്. ക്യൂവുണ്ടായ ചില സ്ഥലങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് മന്ത്രി പറഞ്ഞു. എന്നാൽ എരുമേലിയിലെ സമരം ബോധപൂർവ്വം ഉണ്ടാക്കിയതാണ്. ചില തീർത്ഥാടകർ പഠിപ്പിച്ച് വെച്ചത് പറയുന്നു. നിലയ്ക്കലിൽ കുട്ടി കരയുന്ന വീഡിയോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കണ്ണീർ വീഴ്ത്തി എന്ന പ്രചാരണം നടത്തി. ശബരിമലയുടെ നന്മയെ തല്ലിത്തകർക്കാന്‍ ശ്രമം നടത്തരുതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ആവശ്യമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. തന്ത്രിയുമായും മേൽശാന്തിയും ദേവസ്വം ബോർഡുമായി ചേർന്ന് തിരക്ക് നിയന്ത്രിക്കുന്നതിനുളള ക്രമീകരണം നടത്തും. നിലയ്ക്കലിന് പുറമെ എരുമേലി മുതൽ നിലക്കൽ വരെയുള്ള മറ്റ് സ്ഥലങ്ങളിൽ എവിടെയൊക്കെ വാഹനം പാർക്ക് ചെയ്യാം എന്ന് ആലോചിക്കുന്നുണ്ട്. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സമരങ്ങളെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും സൈബർ സെൽ നടപടി ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.