ജിദ്ദ: അടുത്ത ഹജ്ജിനും ഇന്ത്യയിൽ നിന്ന് 1.75 ലക്ഷത്തിലധികം പേർക്ക് അവസരം ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഹജ്ജ് ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
അടുത്ത വർഷത്തെ ഹജ്ജിനും ഇന്ത്യയിൽനിന്ന് ഏകദേശം 1,75,025 പേർക്ക് ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദയിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ ഹജ്ജ് വേളയിൽ ഇന്ത്യൻ തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഹജ്ജ് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഹജ്ജ് ഒരുക്കങ്ങൾ ചർച്ചചെയ്യാനായി ഓൺലൈൻ മീറ്റിങ്ങുകൾ നടന്നതായും കോൺസുൽ മുഹമ്മദ് ഹാഷിം പറഞ്ഞു. കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിനിടെ ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും കോൺസുലേറ്റ് അറിയിച്ചു.