പ്രതിപക്ഷ, ബി.ജെ.പി, മാധ്യമ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിയെന്നും നവകേരള സദസ് വൻ വിജയമാണെന്നും അവകാശപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ശബരിമലയെപ്പോലും നവകേരള സദസിനെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചു. ശബരിമലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയാലും ഭക്തർ കൂടിയാൽ പ്രശ്നമുണ്ടാകും. ശബരിമലയിൽ കരയുന്ന കുട്ടിയുടെ ചിത്രം പോലും ഉപയോഗിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമാണ് സദസിൽ ഉയർത്തുന്ന പ്രധാന വിഷയം. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്നെ കേന്ദ്ര അവഗണന കേരളത്തിൽ പ്രശ്നമുണ്ടാക്കുമെന്ന് പറയുന്നുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമാണിത്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി യെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. തോമസ് ഐസകിനെതിരെയുള്ള സമൻസ് പിൻവലിച്ചുവെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ചലച്ചിത്രമേളയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പലർക്കും അഭിപ്രായ വ്യത്യാസമുണ്ടാകാം. പരിശോധിച്ച് ആവശ്യമായ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയും. വണ്ടിപ്പെരിയാറിൽ പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട കോടതി വിധി പരിശോധിക്കണം. അപ്പീൽ പോകണമെന്നാണ് സി.പി.ഐ.എം നിലപാട്. ആവശ്യമെങ്കിൽ പുനരന്വേഷണം ഉൾപ്പെടെയുള്ളവ നടത്തണം.കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിലെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം നവകേരള സദസിന്റെ സ്വാധീനം കാരണമാണ്. ഗവർണറുടെ നിലപാട് സംഘപരിവാർ പ്രീണനം ഏറ്റുവാങ്ങാനാണ്. ഗവർണർക്ക് യോജിച്ച നടപടിയാണോ ഇതെന്ന് ചിന്തിക്കണം. സംഘപരിവാർ വേദികളിലാണ് അദ്ദേഹം ആക്ഷേപം നടത്തുന്നത്. ആർ.എസ്.എസുമായുള്ള ബന്ധം വച്ച് അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്.സെനറ്റിലേക്കുള്ള നോമിനേഷനിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ട്. സംസ്കാര രഹിതമായ പ്രവർത്തനവും ഭീഷണിയുമാണ് ഗവർണറുടേത്. ഭരണഘടന നൽകിയ പദവിയിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഗവർണർക്കുള്ളത്. എല്ലാവരുടേയും നോമിനേഷൻ റദ്ദാക്കേണ്ടതാണ്.ഇതിനെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്. ഇതാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ നടത്തുന്നത്. സമരത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കാറുണ്ട്. അത് ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാറുണ്ടല്ലോയെന്നും ഗവർണർ അടിമുടി പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.