തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും പൊലീസ് അറിയിച്ചു.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നും പരമാവധി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും കുറിപ്പില്‍ പറയുന്നു. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.