കോന്നി : ‘ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാൻ’ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല, ഗവർണർ എന്ന പദവിയോടുള്ള ബഹുമാനംകൊണ്ടാണ് അങ്ങനെ പറയാത്തതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം? കണ്ണൂരിന്റെ ‘ബ്ലഡി ഹിസ്റ്ററി’ തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
‘‘കോളനി വിരുദ്ധ പോരാട്ടത്തില്‍ ഒട്ടേറെപ്പേർ രക്തസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ തലശ്ശേരിയെ ആര്‍എസ്എസ് തിരഞ്ഞെടുത്തപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രം. മുസ്ലിം പള്ളി ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ ശ്രമിച്ചപ്പോള്‍ യു.കെ.കുഞ്ഞിരാമനെന്ന സഖാവാണ് പള്ളിക്കു കാവല്‍ നിന്നത്. മാപ്പിളയുടെ സന്തതിയെന്നു പറഞ്ഞ് കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ വകവരുത്തി. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽനിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേത്. അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്ന് ആരിഫ് മുഹമ്മദ് ഖാന് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.