മുംബൈ : മുൻ വൈരാഗ്യത്തിന്റെ േപരിൽ യുവാവിന്റെ കൈകൾ വാൾ കൊണ്ട് വെട്ടിമുറിച്ച സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റിനും മറ്റു രണ്ടു പ്രതികൾക്കുമെതിരെ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണസംഘം മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. മുംബൈയിൽ നിന്ന് 75 കിലോമീറ്റർ അകലെ മൂർബാദിൽ വെള്ളിയാഴ്ചയാണ് സംഭവം. സുശീൽ ബോയിർ എന്നയാളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീകാന്ത് ധുമാലാണ് മുഖ്യപ്രതി. ഇയാളുടെ ബൗൺസർ (സ്വകാര്യ സുരക്ഷാ ജീവനക്കാരൻ) ആയി നേരത്തെ ജോലി ചെയ്തിരുന്ന സുശീൽ ബോയിർ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കുറച്ചുനാൾ മുൻപ് ജോലി വിട്ടിരുന്നു. മറ്റൊരു സ്വകാര്യ സുരക്ഷാസംഘത്തിലേക്കു മാറി. ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ആക്രമണത്തിനു കാരണം.