കെയ്‌റോ: ഈജിപ്ത് പ്രസിഡന്റായി അബ്ദുൽ ഫത്താഹ് സീസിക്ക് മൂന്നാമൂഴം. കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ 89.6 ശതമാനം വോട്ട് നേടിയാണ് സീസിയുടെ വിജയമെന്ന് ദേശീയ തെരഞ്ഞെടുപ്പ് അതോറിറ്റി അറിയിച്ചു. ഡിസംബർ 10നും 12നും നടന്ന തെരഞ്ഞെടുപ്പിൽ 66.8 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്.
താരതമ്യേനെ അപ്രശസ്തരായ അബ്ദുൽ സനദ് യമാമ, ഹാസിം ഒമർ, ഫരീദ് സഹ്‌റാൻ എന്നിവരായിരുന്നു തെരഞ്ഞെടുപ്പിൽ സീസിയുടെ എതിരാളികൾ. ലിബറൽ വഫ്ദ് പാർട്ടി നേതാവാണ് യമാമ. ഹാസിം റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെയും ഫരീദ് ഈജിപ്ഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും സ്ഥാനാർത്ഥികളായിരുന്നു. 3.90 കോടി പേരാണ് സീസിക്കു വേണ്ടി വോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി അറിയിച്ചു. രണ്ടാം സ്ഥാനത്തുള്ള ഹാസിം ഒമറിനു ലഭിച്ചത് 4.5 ശതമാനം വോട്ടാണ്.
1952നുശേഷം രാഷ്ട്രത്തലവനാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് അബ്ദുൽ ഫത്താഹ് സീസി. 2013ലാണ് സീസി ആദ്യമായി ഈജിപ്ത് പ്രസിഡന്റാകുന്നത്. ഈജിപ്തിന്റെ ചരിത്രത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡിന്റായ മുഹമ്മദ് മുർസിയെ അട്ടിമറിച്ചായിരുന്നു അധികാരാരോഹണം. ഇതിനുശേഷം 2018ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുമുൻപ് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും 90 ശതമാനത്തിലേറെ വോട്ട് ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.