തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻ രക്ഷാ പ്രവർത്തനം നടത്തുമെന്ന് കെ മുരളീധരൻ എം പി. എൽഡിഎഫ് കൺവീനർ തല്ലി തീർക്കാമെന്നാണ് പറയുന്നത്. തല്ലി തീർക്കാൻ കോൺഗ്രസും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ‘യൂത്ത് കോൺഗ്രസുകാരെ തല്ലിയത് ജീവൻ രക്ഷാപ്രവർത്തനമായി മുഖ്യമന്ത്രി പറയുന്നു. ഞങ്ങളും ജീവൻ രക്ഷാപ്രവർത്തനം നടത്തും. 23 കഴിഞ്ഞാലും ജീവൻ രക്ഷാപ്രവർത്തനം തുടരും’, മുരളീധരൻ പ്രതികരിച്ചു.
നവകേരള സദസ്സിൽ മാന്യൻമാർക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്. ഷൈലജ ടീച്ചർക്കും സി സി മുകുന്ദനും തോമസ് ചാഴിക്കാടനും മുഖ്യമന്ത്രിയുടെ വക കിട്ടി. നവകേരള സദസ്സിൽ കോൺഗ്രസ് എംഎൽഎമാർ പോയാലും ഇതു തന്നെയാകും അവസ്ഥയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. നവകേരള സദസ്സ് ധൂർത്താണ്. മാന്യന്മാർക്കുള്ളതല്ല.
എല്ലാ ആചാരങ്ങളെയും തകർക്കാനാണ് സിപിഐഎം നോക്കുന്നത്. നവകേരള സദസ്സിൽ മറ്റ് പണിയില്ലാത്തതിനാൽ മന്ത്രിമാർ പ്രഭാത നടത്തത്തിലാണ്. പ്രതിപക്ഷത്തെ ചീത്തവിളിച്ചു നടന്നാൽ ഭാരം കുറയില്ലെന്നും കെ മുരളീധരൻ തുറന്നടിച്ചു. ഈ ഗവണറോട് തങ്ങൾക്കൊരു മമതയുമില്ലെന്നും ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.