ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന് മുന്നിൽ ഉണ്ടായതെന്ന് ഇപി ജയരാജൻ പറഞ്ഞു. കോൺഗ്രസ് മാർച്ച് ആരംഭിച്ചത് മുതൽ റോഡ് മുഴുവൻ അഴിഞ്ഞാടിയെന്ന് ജയരാൻ പറഞ്ഞു.
വടിയും കമ്പിവടിയും ആയി റോഡിൽ കാണുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി റോഡിലെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചുകൊണ്ടാണ് ഭ്രാന്ത് പിടിച്ചപോലെയുള്ള പ്രകനമായിരുന്നു കോൺഗ്രസിന്റേത്. പ്രവർത്തകർ നേരത്തെ തന്നെ വടിയും ആയുധങ്ങളും കരുതിവെച്ചു, ധാരാളം കല്ലുകൾ പെറുക്കിക്കൂട്ടിവെച്ചിരിക്കുകയായിരുന്നെന്നും ഇപി ജയരാജൻ ആരോപിച്ചു. പൊലീസ് പരമാവധി സമാധാനം പാലിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിനെ നേരെ കല്ലേറ് വന്നാൽ എന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. അഴിഞ്ഞാടാൻ അനുവദിക്കണോയെന്നും പൊലീസിന്റെ മാർഗം അക്രമികളെ തുരത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശനും കെ സുധാകരനും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ഇപി ജയരാജൻ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. അപ്പോൾ ചിലർക്ക് തലചുറ്റും,എരിച്ചിൽ ഉണ്ടാകുമെന്നും ഇത് അക്രമികൾ പിരിഞ്ഞുപോകാനാണെന്നും അദ്ദേഹം പറഞ്ഞു.
.കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജൻ ചോദിച്ചു. മാർച്ചിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതിനെ തുടർന്ന് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.