ജിദ്ദ ∙ സൗദി ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് (മൂറൂർ) പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തലും വാഹനങ്ങൾ പിടിച്ചെടുക്കല്‍ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. സൗദി ഇതര നമ്പർ പ്ലേറ്റുകൾ വഹിക്കുന്ന കാറുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എല്ലാ ട്രാഫിക് പട്രോളിങ് ടീമുകൾക്കും നിർദേശം നൽകി.
സൗദി ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനം നിരീക്ഷിക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി. അതേസമയം സൗദി അറേബ്യയിലെ ട്രാഫിക് നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഗൾഫ് സന്ദർശകരും മറ്റുള്ളവരും നടത്തിയ നിയമലംഘനങ്ങളെക്കുറിച്ചും പിഴ അടയ്ക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ചും അറിയാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാൻ അഭ്യർഥിച്ചു.