തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. അക്രമത്തിന് പൊലീസ് നേതൃത്വം നൽകുന്നു. നേതാക്കൾക്ക് നേരെ ഗ്രനേഡ് എറിയാൻ എവിടെ നിന്നാണ് നിർദേശം കിട്ടിയത്. ഡിജിപിയാണോ നിർദേശം നൽകിയതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
കോൺഗ്രസിന്റെ പ്രതിഷേധത്തിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും കെ സി വേണുഗോപാൽ സർക്കാറിന് മുന്നറിയിപ്പ് നൽകി. കെപിസിസി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയുമാണ് അക്രമിച്ചത്. നേതാക്കൾ പ്രസംഗിക്കുമ്പോൾ ഗ്രനേഡ് എറിയുന്നത് കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. നേതാക്കൾക്കെതിരായ അക്രമം നിസാരമായി കാണാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
അക്രമത്തിന് തിരിച്ചടിക്കുന്നത് കോൺഗ്രസിന്റെ നയമല്ല. പക്ഷേ അടി തുടങ്ങിയത് സിപിഐഎമ്മാണ്. മോദി ചെയ്യുന്നത് പിണറായി ആവർത്തിക്കുന്നു. എന്താണ് മോദി ചെയ്യുന്നത് അത് അതുപോലെ ആവർത്തിക്കുകയാണ് പിണറായി എന്നും കെ സി വേണുഗോപാൽ വിമർശിച്ചു. ‘ഇന്നലെ ഡൽഹിയിൽ യെച്ചൂരിയും ഞാനും ഒരുമിച്ചിരുന്ന സമരം ചെയ്തതാണ്. എന്തിനായിരുന്നു സമരം, നരേന്ദ്രമോദി പാർലമെന്റിനെ നോക്കുകുത്തിയാക്കി ഭരണം നടത്തുന്നതിനെതിരെ. പാർലമെന്റിനെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിൽ നടക്കുന്നത്. അത് തന്നെയല്ലെ ഇവിടെയും നടക്കുന്നത്’- കെ സി വേണുഗോപാൽ ചോദിച്ചു.
മോദിക്കെതിരെ പറഞ്ഞാൽ പിന്നാലെ ഇ ഡിയെ അയക്കും. ഇവിടെ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസ് എടുക്കുമെന്നും കെ സി വേണുഗോപാൽ ആക്ഷേപിച്ചു. ഗവർണറുടെ നടപടിയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ തിരുകി കയറ്റാൻ ശ്രമിക്കുന്നു ഗവർണർ ഗവർണറുടേയും. കോൺഗ്രസ്സിന്റെ നിലപാട് താൻ പറഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിലാണ് നേതാക്കൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നേതാക്കൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നുമുള്ള വെള്ളം നേതാക്കൾ ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നനഞ്ഞ് കുതിർന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
പ്രകോപനമില്ലാതെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്ന് ശശി തരൂർ എം പി പ്രതികരിച്ചു. കേരളത്തിലെ പൊലീസ് ഗുണ്ടകളായി മാറിയെന്ന് കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോഴാണ് കണ്ണീർവാതകം ഉപയോഗിച്ചത്. അടിക്ക് തിരിച്ചടി ഉണ്ടാകുമെന്നും കെ മുരളീധരൻ മുന്നറിയിപ്പ് നൽകിയിരുന്നു.