തിരുവനന്തപുരം : വട്ടിയൂർകാവ്, തിരുവനന്തപുരം നിയോജകമണ്ഡലങ്ങളുടെ സംയുക്ത സമ്മേളനത്തോടെ 36 ദിവസം നീണ്ടു നിന്ന നവകേരള സദസ്സിനു സമാപനം. മദ്യത്തിനും ലഹരിമരുന്നിനുമെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറിയ കുട്ടികൾപോലും ലഹരിമരുന്നു മാഫിയയുടെ പിടിയിൽപ്പെടുന്ന സാഹചര്യമുണ്ട്. സമൂഹത്തിൽനിന്ന് ഇതിന്റെ സാന്നിധ്യം ഇല്ലാതാക്കാനാണു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിപുലമായ ക്യാംപെയിൻ സർക്കാർ നടത്തിയത്. ലഹരിമരുന്നിനെതിരായ പൊതുബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരും. ഇത്തരം മാഫിയകൾക്കെതിരെ ഒരു ദാക്ഷിണ്യവമില്ലാത്ത നടപടിയുണ്ടാകും. സമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പൊതുസമൂഹം ഗൗരവമായി കാണണം. ഇതിനെതിരെ സർക്കാർ തലത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ കൂട്ടായ ആലോചനകളിലൂടെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അതീവ ഗൗരവത്തോടെയാണു സംസ്ഥാനം കാണുന്നതെന്നും ഇതിനായുള്ള പഠനങ്ങൾക്കായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറേക്കൂടി വിദഗ്ധരെ ഉൾപ്പെടുത്തി ഇതു വിപുലപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ നാതാതുറകളിലുള്ള ജനവിഭാഗങ്ങളോടു സംവദിക്കാനായി സംഘടിപ്പിച്ച നവകേരള സദസ് ഏറെ അഭിനന്ദനാർഹവും മികച്ചതുമാണെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. കായികതാരങ്ങൾക്കു സർക്കാർ മേഖലയിൽ ജോലി നൽകുന്ന സർക്കാർ നടപടികളെ ബോക്‌സിങ് താരം ലേഖ യോഗത്തിൽ അഭിനന്ദിച്ചു.