രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ശൈത്യകാലം കൂടി എത്തിയതോടെ ഡൽഹിയിലെ ജനങ്ങളുടെ അവസ്ഥ ശോചനീയമാണ്. വായു മലിനീകരണതോത് 400 പോയിന്റിലേക്ക് ഉയർന്നതോടെ ഡൽഹി സർക്കാർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഡിസംബർ 22 മുതൽ ഡൽഹി എൻസിആർ മേഖലയിൽ ബി.എസ് 3 പെട്രോൾ വാഹനങ്ങളും ബി.എസ് 4 ഡീസൽ വാഹനങ്ങൾക്കും നിരോധനമുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത് ലംഘിച്ച് എത്തുന്നവർക്ക് 20,000 രൂപ പിഴ നൽകേണ്ടി വരും. അടിയന്തര സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് നിരോധനമില്ല.
വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഈ വർഷം ഒക്ടോബറിൽ പെട്രോൾ–ഡീസൽ കാറുകൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതോടെ നവംബറിൽ നിരോധനം പിൻവലിച്ചു. എന്നാൽ വീണ്ടും വായുമലിനീകരണ തോത് വർധിച്ചതോടെ നിയന്ത്രണം കടുപ്പിക്കാൻ ഡൽഹി സർക്കാർ തയാറാവുകയായിരുന്നു.