മോസ്‌കോ: ‘ആണവയുദ്ധത്തിന് തയ്യാറാണ് ‘ എന്ന വിവാദ പ്രസ്താവന നടത്തി അടുത്തിടെ അമേരിക്കയുടെ രോഷത്തിന് പാത്രമായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇപ്പോള്‍ ബഹിരാകാശത്ത് ഒരു ആണവോര്‍ജ്ജ യൂണിറ്റ് സ്ഥാപിക്കാന്‍ തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ബഹിരാകാശത്ത് ഒരു ആണവോര്‍ജ്ജ യൂണിറ്റ് നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള ബഹിരാകാശ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ശരിയായ ധനസഹായം ലഭിക്കണമെന്നും പുടിന്‍ വ്യാഴാഴ്ച (മാര്‍ച്ച് 14) ഉദ്യോഗസ്ഥരോട് പറഞ്ഞതായി റഷ്യയുടെ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
നിരവധി വാണിജ്യ, സര്‍ക്കാര്‍ ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള ഒരു ആണവ ബഹിരാകാശ ആയുധം വികസിപ്പിക്കാന്‍ മോസ്‌കോ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ മാസം റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.