തൃശൂർ: പൂരം പ്രതിസന്ധി സർക്കാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പകൽപൂരം നടത്തുന്നു. അടുത്ത ചൊവ്വാഴ്ചയാണ് തൃശൂരിൽ പ്രതിഷേധ പകൽപൂരം നടത്തുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിന് മുമ്പിലാണ് പ്രതീകാത്മക പകൽപൂരം നടത്തുക. പൂരം പ്രദർശന നഗരിയ്ക്ക് ഭൂമി സൗജന്യമായി വിട്ടു നൽകണമെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ തറവാടക ഒഴിവാക്കുമെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി.
പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്. തൃശൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടയിൽ പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ മിനി പൂരം ഒരുക്കാനാണ് തീരുമാനം. പൂരം പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ദേവസ്വങ്ങൾ രംഗത്തെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 3-ന് തൃശൂരിലെത്തുന്നുണ്ട്. മഹിളാ റാലിയിൽ പങ്കെടുത്ത ശേഷം സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഇതിനിടയിൽ സ്വരാജ് റൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പിലാണ് പൂരം ഒരുക്കുക. ഇതിനായി പൊലീസിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ദേവസ്വം അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ മാത്രമേ മിനി പൂരം നടക്കൂ. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തൃശൂർ സന്ദർശിച്ച ഘട്ടത്തിൽ ഇത്തരത്തിൽ മിനി പൂരം പാറമേക്കാവിന് മുമ്പിൽ ഒരുക്കിയിരുന്നു. അതേസമയം, കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കേന്ദ്ര സഹായം തേടാനുള്ള നീക്കങ്ങളും ദേവസ്വങ്ങൾ ആരംഭിച്ചു.