തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം. അതേ സമയം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എൽഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. വലിയ മാറ്റങ്ങളുണ്ടാകില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുഖത്തോട് മുഖം നോക്കാതെ പരസ്പരം അഭിവാദ്യം പോലും ചെയ്യാതെ ഇരുന്ന മുഖ്യമന്ത്രിയും ഗവര്‍ണറുമായി സത്യപ്രതിജ്ഞാ വേദിയിലെ ശ്രദ്ധാകേന്ദ്രം. ഇരുവരും അടുത്തടുത്താണ് ഇരുന്നത്. എന്നിട്ടും പരസ്പരം നോക്കിയതേയില്ല. ചടങ്ങ് അവസാനിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ വേദി വിട്ടു. ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും ക്ലിഫ് ഹൌസിലേക്ക് മടങ്ങിപ്പോയി. പിന്നാലെ മന്ത്രിമാരെല്ലാം ചായ സത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ചു. പുതിയ മന്ത്രിമാരും എകെ ശശീന്ദ്രനും മാത്രമാണ് ചായസത്കാരത്തില്‍ പങ്കെടുത്തത്.