ബംഗളൂരു: രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി വ്യാജമായി നിർമിച്ചെടുത്തതാണ് ഹിന്ദുത്വ. ഹിന്ദുവും ഹിന്ദുത്വയും ഒന്നല്ലെന്നും അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു.
‘ഹിന്ദുവും ഹിന്ദുത്വയും വ്യത്യസ്തമാണ്. ഞാൻ ഒരു ഹിന്ദുവാണ്. നമ്മുടെ ഗ്രാമങ്ങളിൽ നാം രാമക്ഷേത്രങ്ങൾ നിർമിക്കാറില്ലേ? നമ്മൾ രാമനെ ആരാധിക്കുകയും പ്രാർഥനകൾ നടത്താറുമില്ലേ? ഞാനും എന്‍റെ ഗ്രാമത്തിൽ പ്രാർഥനക്ക് പോകാറുണ്ടായിരുന്നു. നമ്മളെന്താ ഹിന്ദുക്കളല്ലേ? നമ്മളും ഹിന്ദുക്കളാണ്. ഹിന്ദുത്വ വ്യത്യസ്തമാണ്. അത് ബി.ജെ.പി വ്യാജമായി ഉണ്ടാക്കിയെടുത്തതാണ്’ -സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പിയിൽ നിന്നോ ജനസംഘത്തിൽ നിന്നോ ആർ.എസ്.എസ്സിൽ നിന്നോ സംഘപരിവാറിൽ നിന്നോ ഒരാൾ പോലും ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ അണിനിരന്നിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് ആർ.എസ്.എസ് ഉണ്ടായത്. എന്നാൽ, ഒരു ദിവസം പോലും ബ്രിട്ടീഷുകാർക്കെതിരെ അവർ പോരാടിയിട്ടില്ല. കോൺഗ്രസ്സാണ് രാജ്യത്ത് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത്. ബി.ജെ.പിയുടെ കള്ളത്തരം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കണം -സിദ്ധരാമയ്യ പറഞ്ഞു.
രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമർശനങ്ങളുയരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ വാക്കുകൾ. ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് കോൺഗ്രസിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.