Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'സുധാകരന് തിരുത്തേണ്ടി വരും; കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പുണ്ട്, ഉപഗ്രൂപ്പുകളും';തുറന്നടിപ്പ് സുധീരന്‍

‘സുധാകരന് തിരുത്തേണ്ടി വരും; കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പുണ്ട്, ഉപഗ്രൂപ്പുകളും’;തുറന്നടിപ്പ് സുധീരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ തള്ളി വിഎം സുധീരന്‍. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുധാകരന്‍ താന്‍ പാര്‍ട്ടി വിട്ടെന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. മറ്റേതൊരു കാര്യത്തെയും പോലെ സുധാകരന് ഇതും തിരുത്തേണ്ടി വരുമെന്ന് സുധീരന്‍ പറഞ്ഞു. വിഡി സതീശനും കെ സുധാകരനും ചുമതലയേറ്റെടുത്തപ്പോള്‍ സ്വാഗതം ചെയ്തയാളാണ് താന്‍. അന്നത്തെ വാര്‍ത്താക്കുറിപ്പും ഫേസ്ബുക്ക് പോസ്റ്റും നോക്കിയാല്‍ അക്കാര്യം മനസ്സിലാക്കാം. അവരുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം വരുമ്പോള്‍ അന്നേവരെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഗ്രൂപ്പധിഷ്ഠിതമായ സംഘടനാശൈലിക്ക് സമൂലമായ മാറ്റം വരുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും അത് തന്നെയാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും സുധീരന്‍ തുറന്നടിച്ചു. ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം, ജയസാധ്യതയോ ജനസ്വീകാര്യതയോ നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഇതെല്ലാം തന്നെ ദുഃഖിതനാക്കിയെങ്കിലും സുധാകരനിലൂടെയും സതീശനിലൂടെയും മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഎം സുധീരന്‍ പറഞ്ഞു.

ഏകപക്ഷീയമായാണ് ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചത്. അതില്‍ വിയോജനക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കെ സുധാകരന്‍ തന്നെ കാണാന്‍ വന്നു. നിങ്ങളുടെ രീതി ശരിയല്ലെന്ന് പറഞ്ഞിരുന്നു. മോശമായ രീതിയിലേക്ക് കാര്യങ്ങള്‍ പോകുമെന്നും കൂട്ടായ ആലോചനയില്‍ തീരുമാനമെടുക്കണമെന്നും മുന്നറിയിപ്പ് നല്‍കി. യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണം സ്ഥാനങ്ങളിലേക്ക് ആളുകളെ നിയോഗിക്കാന്‍ എന്നും പറഞ്ഞു. ശേഷവും ഏകപക്ഷീയമാണ് കാര്യങ്ങള്‍ നീങ്ങിയത്. പിന്നീടും വിയോജിപ്പ് പ്രകടപ്പിച്ചെങ്കിലും സുധാകരന്‍ ശൈലിയില്‍ മാറ്റം വരുത്തിയില്ല. സംഘടനയ്ക്ക് പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിനും കത്ത് അയച്ചു. പണ്ട് രണ്ട് ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെങ്കില്‍ ഇപ്പോള്‍ അതിലും കൂടുതല്‍ ഗ്രൂപ്പുകളുണ്ട്. കത്തയച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജിവെച്ചതെന്നും സുധീരന്‍ വീശദീകരിച്ചു.

രാജിവെച്ച ശേഷം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവര്‍ ഉള്‍പ്പെടെ തന്നെ കാണാന്‍ വന്നിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്നും പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി വിളിച്ചും ഇതേ കാര്യം ആവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു പരിഹാരം ഉണ്ടായെന്ന് മാത്രമല്ല ഗ്രൂപ്പ് രാഷ്ട്രീയം കുറേകൂടി വിപുലമായ തലത്തിലേക്ക് പോയി എന്നും സുധീരന്‍ ആരോപിച്ചു. ഇന്ന് കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പ് ആയി മാറി. അതൊരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഉള്ളില്‍ ഉപഗ്രൂപ്പുകളും ഉണ്ട്. യാതൊരു പരിഹാരവും കാണാതായതോടെയാണ് കെപിസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. ഞാന്‍ കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ആ ഞാന്‍ പാര്‍ട്ടി വിട്ടുവെന്ന് കെപിസിസി പ്രസിഡന്റ് പറയുമ്പോള്‍ അദ്ദേഹത്തിന് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. പറയുന്ന പല കാര്യങ്ങളിലും സുധാകരന് വ്യക്തതയില്ല. തിരുത്തേണ്ടി വരുന്നുണ്ട്. സമാനമായ രീതിയില്‍ ഇതും തിരുത്തേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. പറഞ്ഞതില്‍ ഔചിത്യക്കുറവുണ്ട്. കെപിസിസി യോഗത്തില്‍ അഭിപ്രായപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കേണ്ടത് അതേയോഗത്തിലാണ്. എന്നാല്‍ പരസ്യപ്രതികരണമാണ് നടത്തിയത്. സുധാകരന്റേത് തെറ്റായ പ്രവണതയാണെന്നും സുധീരന്‍ തുറന്നടിച്ചു.

ദീപദാസ് മുന്‍ഷിയുടെ ഭാഗത്ത് നിന്നും ഔചിത്യമില്ലാത്ത പ്രതികരണമുണ്ടായി. പറയാനുള്ളത് പറഞ്ഞ് താന്‍ സ്ഥലം വിട്ടുവെന്നാണ് അവര്‍ പറഞ്ഞത്. മകനെ അമേരിക്കയിലേക്ക് യാത്ര അയക്കാനാണ് നേരത്തെ യോഗത്തില്‍ നിന്ന് ഇറങ്ങിയത്. യോഗത്തില്‍ തന്നെ ഈ ആവശ്യം പരസ്യമായി പറഞ്ഞിരുന്നു. ദീപ ദാസ് മുന്‍ഷിയുടെ പ്രതികരണത്തില്‍ ദുഃഖമുണ്ട്. അദ്ദേഹം പണി നിര്‍ത്തി പോയി എന്നാണ് നേതാക്കള്‍ തന്നെ കുറിച്ച് പറഞ്ഞത്. മാറി നില്‍ക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്നതായിരുന്നു മുന്‍കാല നിലപാട്. എന്നാല്‍ മാറി നില്‍ക്കുന്നവര്‍ പോകട്ടെ എന്നാണ് ഇപ്പോഴത്തെ നിലപാട്. ഈ പറയുന്നവര്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ എത്തിയ ആളാണ് താന്‍. എകെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. താന്‍ ജനിച്ചത് തന്നെ കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസിന്റെ മതേതര മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണ് ഇപ്പോള്‍. പല സംസ്ഥാനങ്ങളിലും മൃദുഹിന്ദുത്വവുമായി മുന്നോട്ട് പോയി. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വവുമായി കൗണ്ടര്‍ ചെയ്യാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ അറിയിച്ച് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തുകള്‍ അയച്ചിരുന്നു. അയോധ്യയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ തന്നെ നിരാകരിക്കേണ്ടത് ആയിരുന്നു. ക്ഷണം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. മോദിയുടെ കെണിയില്‍ വീഴരുത്. ഇനി മുതല്‍ കെപിസിസി യോഗങ്ങളില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും സുധീരന്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments