അദാനി ഗ്രൂപ്പിനും ചെയർമാൻ ഗൗതം അദാനിക്ക് എതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നതായി മാധ്യമ റിപ്പോർട്ട്. ഊർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയോ എന്നതിലാണ് അന്വേഷണം. എന്നാൽ ബ്ലൂംബെർഗ് റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നാണ് അദാനി ഗ്രൂപ്പിൻറെ പ്രതികരണം.ശതകോടീശ്വരൻ ഗൗതം അദാനിയോ അദാനി ഗ്രൂപ്പോ ഏതെങ്കിലും തരത്തിൽ അഴിമതിയുടെ ഭാഗമായിട്ടുണ്ടോ എന്നാണ് അമേരിക്കൻ അധികൃതർ അന്വേഷിക്കുന്നത് എന്നാണ് രാജ്യാന്തര ബിസിനസ് മാധ്യമം ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട്.
ഊർജ്ജ പദ്ധതിക്കുള്ള അനുകൂല നടപടിക്ക് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയോ എന്നതിലാണ് അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാർട്മെന്‍റും US അറ്റോർണി ഓഫീസും അന്വേഷണം നടത്തുന്നത്. ഗൗതം അദാനിയോ അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളോ ബന്ധമുള്ളവരോ പണം നൽകിയിട്ടുണ്ടോ എന്നതിലൂന്നിയാണ് അന്വേഷണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താതെ റിപ്പോർട്ടിൽ പറയുന്നു. അദാനി ഗ്രൂപ്പിന് പുറമെ ഇന്ത്യൻ കമ്പനിയായ അസുർ പവർ ഗ്ലോബൽ ലിമിറ്റഡിനെതിരെയും അന്വേഷണം പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട് .
എന്നാൽ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും അഴിമതി വിരുദ്ധ നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസി ഹിൻഡൻബെർഗ് ഉന്നയിച്ചിരുന്നു