ആലപ്പുഴ: ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്ന് മന്ത്രി സജി ചെറിയാൻ. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നു. പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ല. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. പുന്നപ്ര വടക്ക് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2026ലും എൽ.ഡി.എഫ് അധികാരത്തിൽ വരും. പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വൻ ജയം നേടും. കോൺഗ്രസ് എവിടെയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ ചിലർ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തിൽനിന്ന് ആറ് തവണ വിജയിച്ചയാളാണ് അദ്ദേഹം. ജനങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ചതുകൊണ്ടാണ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്. മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവർത്തികമാക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
മുൻമന്ത്രി ജി. സുധാകരന്റെ വീടിനടുത്ത സ്ഥലത്ത് നടത്തിയ പരിപാടിയായിരുന്നിട്ടും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല