കോട്ടയം: ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയത് വളരെ മോശം പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെ പരാമര്‍ശം. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാന്‍ സി.പി.എം കുറച്ച് പേരെ അഴിച്ച് വിട്ടിരിക്കുകയാണ്. മാന്യമായി ജീവിക്കുന്ന ആളുകളെ ചീത്ത വിളിക്കാന്‍ കളള് വാങ്ങി കൊടുത്ത് ആളെ വിടുന്ന ഏര്‍പ്പാട് പണ്ട് ഉണ്ടായിരുന്നു. അത് പോലെ ചില മന്ത്രിമാരെ ഇപ്പോള്‍ പറഞ്ഞു വിടുന്നു.
സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ തീര്‍ത്തും മോശമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത് നല്ല ഭാഷയില്‍ പറയാം. അതിന് പകരം മോശം വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയത്തോട് തന്നെ ആളുകള്‍ക്ക് പുച്ഛം തോന്നും. ഈ രീതിയിലാണ് ചില സി.പി.എം. നേതാക്കള്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. നവകേരള സദസില്‍ ഉടനീളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആളാണ് സജി ചെറിയാന്‍. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോള്‍ ആളുകള്‍ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസില്‍ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ല.
കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബി.ജെ.പിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്ന കാലമാണ്. 254 പള്ളികളാണ് മണിപ്പൂരില്‍ ചുട്ടുകരിച്ചത്. മതപരിവര്‍ത്തന നിയമം കൊണ്ട് വന്ന്, പുരോഹിതരേയും പ്രാര്‍ഥനാ കൂട്ടായ്മകളേയും തടസപ്പെടുത്തുകയും ജയിലിലാക്കുകയും ചെയ്തവരാണ് സംഘപരിവാര്‍. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായ സംഘപരിവാറിനെ കേരളത്തിലെ ജനംതിരിച്ചറിയുമെന്നും വി.ഡി സതീശൻ പറഞ്ഞു.