ഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ പട്ടാപ്പകൽ റോക്കറ്റ് ലോഞ്ചറുകളുമായി ഇംഫാൽ നഗരത്തിൽ വാഹനത്തിൽ പരേഡ് നടത്തി തീവ്ര മെയ്തേയ് വിഭാഗക്കാരായ യുവാക്കൾ. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. തുറന്ന വാഹനത്തിൽ സൈനിക യൂണിഫോം അണിഞ്ഞ് കയ്യിൽ തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി സഞ്ചരിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാവുകയാണ്. പുതുവർഷദിനത്തിൽ തൗബാൽ ജില്ലയിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.തിങ്കളാഴ്ച വൈകീട്ട് തൗബാൽ ജില്ലയിലെ മെയ്തേയ് ഭൂരിപക്ഷ മേഖലയായ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ചെത്തിയവർ നാട്ടുകാർക്കെതിരെ വെടിയുതിർത്തത്. നാല് വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയാണ് അക്രമികൾ വെടിയുതിർത്തത്. നാല് മെയ്തേയ് വിഭാഗക്കാർ പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കി. കൊലപാതകത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
കഴിഞ്ഞ വർഷം മേയ് മൂന്നിന് വംശീയ കലാപം ആരംഭിച്ചതിനുശേഷം 180ലധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 30ന് കാങ്പോക്പി ജില്ലയിൽ കുക്കികളും മെയ്തേയികളും തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാൻ വാഹന പരിശോധന ഉൾപ്പെടെ കർശനമായി തുടരുകയാണ്.നാലുപേർ കൊല്ലപ്പെട്ട ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി എൻ. ബൈരൻ സിങ്, ലിലോങ് വാസികളോട് സമാധാനത്തിന് ആഹ്വാനം ചെയ്തു. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.