ടോക്കിയോ∙ ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റണ്‍വേയില്‍ വച്ച് കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അടിയന്തരവാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ പോയ കോസ്റ്റ് ഗാര്‍ഡ് വിമാനമാണ് അപകടത്തില്‍പെട്ടത്. ഈ വിമാനത്തിലെ ഒരാളെയാണു രക്ഷപ്പെടുത്തിയത്. അഞ്ച് പേരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഹനേദ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. പരിഭ്രാന്തരായ യാത്രക്കാര്‍ റണ്‍വേയിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.