ഇംഫാൽ/ചുരാചന്ദ്പുർ: മണിപ്പൂരിലെ മോറെ നഗരത്തിൽ സുരക്ഷസേനയും തീവ്രവാദികളെന്ന് സംശയിക്കുന്നവരും തമ്മിൽ വീണ്ടും വെടിവെപ്പ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകൾ സംഘടിച്ചെത്തിയപ്പോൾ ചിലർ സുരക്ഷസേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചടിച്ചു.
ഇവിടെ തീവ്രവാദികളും സുരക്ഷസേനയും തമ്മിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാലു പൊലീസുകാർക്കും ബി.എസ്.എഫ് ജവാനും പരിക്കേറ്റിരുന്നു. ഇന്ത്യ-മ്യാന്മർ അതിർത്തിക്ക് സമീപമുള്ള മോറെയിൽ നിരവധി തവണ തീവ്രവാദികളും സുരക്ഷസേനയും നേരത്തേ ഏറ്റുമുട്ടിയിട്ടുണ്ട്.
സുരക്ഷസേനക്കുനേരെയുള്ള അക്രമത്തിന് പിന്നിൽ മ്യാന്മറിൽനിന്നുള്ള കൂലിപ്പട്ടാളക്കാരാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചു. പരിക്കേറ്റ പൊലീസുകാരെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.