ചെന്നൈ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തട്ടാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈയിൽ നടന്ന സംഭവത്തിലാണ് ഒരാൾ അറസ്റ്റിലായത്. അയനവാരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണയാണ് പിടിയിലായത്. ഇയാളുടെ രണ്ട് സുഹൃത്തുകളും പിടിയിലായി.മരിച്ചെന്ന് വരുത്തി ഒരു കോടിയുടെ ഇൻഷൂറൻസ് തുക തട്ടിക്കാനായിരുന്നു സുരേഷ് ഹരികൃഷ്ണന്റെ പദ്ധതി. ഇതിനായി സുരേഷ് കൃഷ്ണനോട് സാമ്യമുള്ള ഒരാളെ കണ്ടെത്താനായിരുന്നു ഇയാളുടേയും സുഹൃത്തുകളുടേയും ശ്രമം. ഒടുവിൽ 10 വർഷം മുമ്പ് സുരേഷ് കൃഷ്ണന് പരിചയമുള്ള ദില്ലി ബാബുവിനെ കണ്ടെത്തി.
ദില്ലി ബാബുവിന്റെ വീട്ടിൽ നിരന്തരം സന്ദർശനം നടത്തി അയാളുമായി സുരേഷ് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് സെപ്റ്റംബർ 13ന് ഇയാളെ പുതുച്ചേരിയിലേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് ദക്ഷിണ ചെന്നൈയിലെ ചെങ്കൽപേട്ടിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇവർ തന്നെ നിർമിച്ച കുടിലിലെത്തിച്ചു. ഇയാൾക്ക് ഉയർന്ന അളവിൽ മദ്യവും നൽകി. മദ്യലഹരിയിൽ ദില്ലിബാബു ഉറങ്ങുമ്പോൾ സുരേഷ് കുടിലിന് തീകൊടുക്കുകയായിരുന്നു.
ഇതിനിടെ ദില്ലിബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ലീലാവതി പൊലീസ് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കുടിലിൽ നിന്നും കണ്ടെത്തിയ മൃതദേഹം സുരേഷ് ബാബുവിന്റേതാണെന്ന നിഗമനത്തിൽ പൊലീസ് അത് ബന്ധുക്കൾക്ക് വിട്ടുനൽകുകയും അവർ സംസ്കാരം നടത്തുകയും ചെയ്തു. ഇതിനിടെ ദില്ലിബാബു സുരേഷിനൊപ്പം ഇറങ്ങി പോവുന്നത് കണ്ടുവെന്ന് അമ്മ ലീലാവതിയോട് ചിലർ പറഞ്ഞതോടെയാണ് കേസിലെ സത്യം ചുരുളഴിഞ്ഞത്.
ലീലാവതി ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സുരേഷും ദില്ലിബാബുവും ഒരേസമയം ചെങ്കൽപേട്ടിലെ കുടിലിലെത്തിയതായി മനസിലായി. സെൽഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പിന്നീട് പൊലീസ് സുരേഷ് കൃഷ്ണയുടെ ഗ്രാമത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ മരിച്ചുപോയെന്ന വിവരമാണ് ബന്ധുക്കൾ നൽകിയത്. എന്നാൽ, ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ജീവനോടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.