ലണ്ടൻ: ഓൺലൈൻ മെറ്റാവേഴ്സിൽ പതിനാറുകാരി ‘ലൈംഗികമായി ആക്രമിക്കപ്പെട്ട’തായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെർച്വൽ റിയാലിറ്റി ഗെയിമിലൂടെയുള്ള ആദ്യത്തെ ലൈംഗിക പീഡന കേസാണിത്. യുകെ പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ ഡിജിറ്റൽ രൂപത്തെ (അവതാർ) ഓൺലൈനിൽ അപരിചിതർ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി അസ്വസ്ഥയായതായി പറയപ്പെടുന്നു.
വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഇമ്മേഴ്‌സീവ് ഗെയിമിൽ പങ്കെടുക്കുന്നതിനിടെയാണ് പെൺകുട്ടിയെ ഒരു കൂട്ടം പുരുഷന്മാർ ലൈംഗികമായി പീഡിപ്പിക്കുന്നതിന് സമാനമായ സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു.
ശാരീരികമായി പരുക്കു പറ്റില്ലെങ്കിലും യഥാർഥത്തിൽ പീഡനത്തിന് ഇരയാകുന്നതിനു സമാനമായ വൈകാരിക, മാനസിക ആഘാതം കുട്ടി അനുഭവിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ നിയമനുസരിച്ച് കേസ് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും കടുത്ത വെല്ലുവിളിയുണ്ട്. ഇത്തരം കേസുകൾ കൈക്കാര്യം ചെയ്യുന്നതിന് ആവശ്യമായ നിയമപരിഷ്കരണം വരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവസമയം കൗമാരക്കാരി കളിച്ച ഗെയിം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഈ കേസിൽ അന്വേഷണം വേണമെന്ന് യുകെ ഹോം സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു. ‘‘കുട്ടി ലൈംഗിക പീഡനത്തിനു സമാനമായ ആഘാതത്തിലൂടെ കടന്നുപോയി. ഡിജിറ്റലായി ഒരു കുട്ടിയെ ഇതു പോലെയുള്ള മാനസികാഘാതത്തിൽ അകപ്പെടുത്താൻ തയ്യാറുള്ള ഒരാൾ ശാരീരികമായി ഇതിലും ഭയാനകമായ കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് കേസിലെ പ്രതികളെ കണ്ടെത്തണം’’ – ക്ലെവർലി പറഞ്ഞു.