കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) സമൻസ്. ഈ മാസം 12ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എന്നാൽ, അന്ന് ഹാജരാകാനാവില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.
സമൻസ് ചോദ്യം ചെയ്ത് ഐസക് ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് നേരത്തേ നൽകിയ നോട്ടീസ് ഇ.ഡി പിൻവലിച്ചിരുന്നു. അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം അനുവദിക്കാതിരുന്ന സിംഗിൾ ബെഞ്ച്, വസ്തുതകളുമായി ബന്ധമില്ലാത്ത തരത്തിലോ വ്യക്തിവിവരങ്ങളോ അന്വേഷിക്കരുതെന്ന് നിർദേശിച്ചാണ് ഹരജി തീർപ്പാക്കിയത്. മസാല ബോണ്ടിൽ ഇ.ഡി അന്വേഷണം തുടരണോ വേണ്ടയോ എന്നതൊന്നും പരിശോധിച്ചിട്ടില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഐസക്കിനെ ചോദ്യം ചെയ്യാൻ സാധിക്കാത്തതിനാൽ ഒന്നര വർഷമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. ഐസക് ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചതാണ് തടസ്സമായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാതെ അന്വേഷണം തുടരാൻ കഴിയില്ലെന്ന നിലപാടെടുത്താണ് വീണ്ടും സമൻസ് നൽകിയത്.
2500 കോടിയാണ് മസാല ബോണ്ട് വഴി വിദേശത്തുനിന്ന് കിഫ്ബി സമാഹരിച്ചത്. അതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ഐസക്കിന് മാത്രമാണ് ഇപ്പോൾ സമൻസ് അയച്ചിട്ടുള്ളത്. കിഫ്ബി സി.ഇ.ഒ കെ.എം. അബ്രഹാം, ജോയന്‍റ് ഫണ്ട് മാനേജർ ആനി തോമസ് എന്നിവർക്ക് പിന്നീട് സമൻസ് അയക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് അറിയുന്നതെന്നും ഐസക് പ്രതികരിച്ചു. 12ന് സി.പി.എം സെക്രട്ടേറിയറ്റ് ഉള്ളതിനാൽ ഹാജരാകാനാകില്ലെന്നും വ്യക്തമാക്കി. തന്നെ അറിയിക്കും മുമ്പ് മാധ്യമങ്ങൾക്ക് വിവരം നൽകുന്ന രീതിയാണ് ഇ.ഡിയുടേത്. ഇതിന്‍റെയെല്ലാം ലക്ഷ്യം രാഷ്ട്രീയമാണെന്ന് വ്യക്തമാണ്. ഇ.ഡിയുടെ വിളിയും കാത്ത് ഇരിക്കുകയല്ല ഞങ്ങൾ. സമയം തന്ന് വിളിക്കണം. ഇതെല്ലാം നിയമസഭ ചർച്ച ചെയ്ത കാര്യമാണെന്നും ഐസക് കൂട്ടിച്ചേർത്തു.