അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ പൂര്‍വീക സ്വത്തുക്കള്‍ ലേലം ചെയ്തത് രണ്ട് കോടി രൂപയ്ക്ക്. 19 ലക്ഷം രൂപയില്‍ തുടങ്ങിയ ലേലമാണ് രണ്ട് കോടിയിലേക്ക് എത്തിയത്. മുന്‍ ശിവ സേന നേതാവ് അജയ് ശ്രീവാസ്തവയാണ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വാങ്ങിയത്. ഈ സ്ഥലത്ത് സനാതന്‍ സ്കൂള്‍ സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അജയ് ശ്രീവാസ്തവ പറഞ്ഞു.
ജനുവരി അഞ്ചിനാണ് ലേലം നടന്നത്. ദാവുദ് ഇബ്രാഹിമിന്റെ വസ്തുവകകളുടെ സര്‍വേ നമ്പറും വസ്തുക്കള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തുകയും സംഖ്യാശാസ്ത്രപ്രകാരം തനിക്ക് അനുകൂലമാണെന്ന് അജയ് ശ്രീവാസ്തവ പറയുന്നു. നേരത്തെ ദാവൂദ് ഇബ്രാഹിമിന്റെ കുട്ടിക്കാലത്തെ വീട് ഉള്‍പ്പെടെയുള്ള മൂന്ന് വസ്തുക്കളും ശ്രീവാസ്തവ വാങ്ങിയിരുന്നു.