തിരുവല്ല: ക്രൈസ്തവ സമൂഹം ഏറ്റവും വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യ നിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ദു:ഖകരം ആണ്. മാര്‍ച്ച് 27 വരെ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് തിങ്കള്‍ മുതല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങിയാല്‍ പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും പരീക്ഷാ പേപ്പറുകള്‍ ശേഖരിക്കുവാന്‍ അധ്യാപകര്‍ ക്യാമ്പില്‍ ഹാജരാകേണ്ടുന്ന സാഹചര്യം ഉണ്ട്.
അതിനാല്‍ ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന ഉത്തരവ് പിന്‍വലിക്കണം എന്നും എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങുന്നതുപോലെ ഏപ്രില്‍ മൂന്നിലേക്കു ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളും മാറ്റണം എന്നും ക്രൈസ്തവ സമൂഹത്തിന്റെ വികാരം ഈ പ്രശ്‌നത്തില്‍ ഉള്‍ക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ജനറൽ സെക്രട്ടറി ഡോക്ടർ പ്രകാശ് പി തോമസ് പ്രസ്താവനയിൽ അറിയിച്ചു.