മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏത് വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. തെങ്‌നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി 2 ന് വെടിവയ്പ് നടന്നിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. മോറെയിലെ ആക്രമണത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള വിദേശ കൂലിപ്പടയാളികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.