തിരുവനന്തപുരം : കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ 7 കലാപരിപാടികൾക്ക് മാത്രം 1.55 കോടി രൂപ ചെലവായെന്ന് സർക്കാർ. ആദ്യ ദിനത്തിലെ ശോഭനയുടെ ഡാൻസ് ഷോയ്ക്ക് 8 ലക്ഷം രൂപയും രണ്ടാം ദിനം മുകേഷ് എംഎൽഎയും ജി.എസ്.പ്രദീപും ചേർന്ന് നടത്തിയ സ്പെഷൽ ഷോയ്ക്ക് 8.3 ലക്ഷം രൂപയും ചെലവായെന്ന് സർക്കാർ കണക്കിൽ പറയുന്നു.
മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച പരിപാടിയായിരുന്നു മൂന്നാം ദിനം. കവിതകൾ കോർത്തിണക്കിയ കാവ്യ 23 എന്ന പരിപാടിക്ക് 4.05 ലക്ഷം രൂപ, കെ.എസ്.ചിത്രയുടെ ഗാനമേളയ്ക്ക് 20.05 ലക്ഷം രൂപ, കലാമണ്ഡലം കലാകാരന്മാരുടെ ഡാൻസ് ഫ്യൂഷന് 3.8 ലക്ഷം രൂപ, സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 11.19 ലക്ഷം രൂപ, എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അവസാനദിന പരിപാടിക്ക് 99 ലക്ഷം രൂപ എന്നിങ്ങനെ ചെലവായെന്ന് സർക്കാർ പറയുന്നു.
ഉദ്ഘാടന സമാപന സമ്മേളനങ്ങൾ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ കണക്കുകൾ മാത്രമാണ് കേരളീയം കഴിഞ്ഞ് 2 മാസത്തിനു ശേഷം ലഭ്യമായിട്ടുള്ളത്.