തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലാ പര്യടന പരിപാടിക്ക് തുടക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് 14 ജില്ലകളിലും പര്യടനം നടത്തുന്നത്. മുഴുവന്‍ ജില്ലകളിലെയും നേതൃയോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിലയിരുത്തും.
കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃ യോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് ഒന്നാംഘട്ട ജില്ലാ പര്യടനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആ യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ എത്രമാത്രം നടപ്പാക്കി എന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 140 മണ്ഡലങ്ങളിലും യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് അവസാന ഘട്ടത്തിലാണ്. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലുണ്ടാകും.