ഗാന്ധിനഗർ: ഇന്ത്യയുടെ ഏറ്റവും വിജയകരമായ പ്രധാനമന്ത്രിയും ഇന്നത്തെ തലമുറയിലെ മികച്ച ആഗോളനേതാവുമാണ് നരേന്ദ്ര മോദിയെന്ന് ശതകോടീശ്വരൻ മുകേഷ് അംബാനി. റിലയൻസ് ഗ്രൂപ്പിന്റെ നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.മോദി സംസാരിക്കുമ്പോൾ ലോകം മുഴുവൻ കേൾക്കുക മാത്രമല്ല, കൈയടിക്കുകയും ചെയ്യുമെന്ന് അംബാനി പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാടും നിശ്ചയദാർഢ്യവും ഭരണനൈപുണിയും കൊണ്ട് അസാധ്യമായത് സാധ്യമാക്കുന്നുവെന്ന് താൻ വിദേശത്തെ സുഹൃത്തുക്കളോട് പറയാറുണ്ടെന്നും അതവർ സമ്മതിക്കാറുണ്ടെന്നും മുകേഷ് അംബാനി തുടർന്നു.
ഇന്ത്യയെ കുറിച്ചോർക്കുമ്പോൾ വിദേശികളുടെ മനസിൽ ആദ്യമെത്തുന്നത് ഗുജറാത്താണ്. അതിനു കാരണം മോദിയാണ്. ഗുജറാത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ദേശീയവാദിയും അന്തർദേശീയവാദിയും ആയതിന് പ്രധാനമന്ത്രി മോദിയോട് വരും തലമുറ നന്ദിയുള്ളവരായിരിക്കുമെന്നും അംബാനി പറഞ്ഞു. 2047ഓടെ ഇന്ത്യ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിൽ ഭൂമിയിൽ ഒരു ശക്തിക്കും തടയാനാവില്ലെന്നും അംബാനി അവകാശപ്പെട്ടു.കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും ശേഷികളും സൃഷ്ടിക്കുന്നതിനായി തന്റെ ഓയിൽ-ടു-ടെലികോം കമ്പനി 150 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചതായി അംബാനി പറഞ്ഞു.