കാക്കനാട്: ദൈവഹിതം അംഗീകരിക്കുന്നുവെന്ന് സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മേജർ ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നത്. ഒന്നിച്ചു ചേർന്ന് നിൽക്കണമെന്നും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ എന്നും ആദ്യ സന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
ഒരു ശരീരത്തിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ആരോഗ്യകരം. മെത്രാൻ പൊതു സ്വത്താണ്. എല്ലാവരുടെയും ആയിരിക്കാൻ താൻ ആഗ്രഹിക്കുന്നു. എവിടെയെങ്കിലും കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
സഭ ആസ്ഥാനമായ കാക്കനാട്ടെ സെന്‍റ് തോമസ് മൗണ്ടിൽ ഇന്നലെ ചേർന്ന സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. തുടർന്ന് പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ പേര് ഫ്രാൻസിസ് മാർപ്പാപ്പക്ക് കൈമാറി. മാർപ്പാപ്പയുടെ അംഗീകാരത്തോടെ ഇന്ന് വത്തിക്കാനിലും സെന്‍റ് തോമസ് മൗണ്ടിലും ഒരേ സമയത്തായിരുന്നു പ്രഖ്യാപനം.