തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം കെപിസിസിക്ക് ആശ്വാസമായി. ക്ഷണം സ്വീകരിക്കരുതെന്നായിരുന്നു ഹൈക്കമാൻഡിനോട് കേരള നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. കോൺഗ്രസിലെ ഭിന്നത സംസ്ഥാനത്ത് സിപിഎം രാഷ്ട്രീയായുധമാക്കുന്നതിനിടെയാണ് പങ്കെടുക്കില്ലെന്ന എഐസിസി തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയൊരു കുരുക്ക് ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് സംസ്ഥാന കോൺഗ്രസ്. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങളിലേക്കുള്ള ക്ഷണം സോണിയാ ഗാന്ധി സ്വീകരിക്കുമെന്ന ചില നേതാക്കളുടെ പരാമർശവും ദേശീയ തലത്തിലെ ഭിന്ന നിലപാടുകളും കേരളത്തിലെ പാർട്ടിയെയാണ് വലിയ പ്രതിസന്ധിയാലാക്കിയത്. ക്ഷണം സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ എഐസിസിയെ ആശങ്ക അറിയിച്ചിരുന്നു. പക്ഷെ ദില്ലി തീരുമാനം നീണ്ടതോടെ പ്രശ്നം സങ്കീർണ്ണമായി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവ് ദിവസങ്ങളോളും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ക്ഷണം യെച്ചൂരി തള്ളിയതിന് പിന്നാലെ സിപിഎം കോൺഗ്രസ്സിനെ കടന്നാക്രമിച്ചു. ഏകസിവിൽ കോഡിനും പലസ്തീൻ പ്രശ്നത്തിനും പിന്നാലെ അയോധ്യ സംസ്ഥാനത്തും ചർച്ചയായി.
ലീഗിനെ ഉന്നമിട്ട് കോൺഗ്രസിൻ്റെ ന്യൂനപക്ഷപ്രേമം കപടമാണെന്ന പ്രചാരണം സിപിഎം ശക്തമാക്കി. മറ്റ് വിഷയങ്ങളിൽ നിന്ന് ഭിന്നമായി ആദ്യഘട്ടത്തിലെ കടുപ്പിക്കലിൽ നിന്നും ലീഗും സമസ്തയും ഇടയ്ക്ക് അയഞ്ഞത് കോൺഗ്രസിന് പ്രതീക്ഷ നൽകിയിരുന്നു. ഓരോ പാർട്ടികളുടേയും ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് ശരിയല്ലെന്ന ലീഗ് നിലപാട് ഒരുപക്ഷെ ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കുമെന്ന് കൂടി കരുതിയായിരുന്നു. ആ നിലക്ക് ഹൈക്കമാൻഡിൻ്റെ നോ പറച്ചിൽ കോൺഗ്രസ്സിനൊപ്പം ലീഗിനും നൽകുന്നത് ആശ്വാസം. അതേസമയം കോൺഗ്രസ് വിശ്വാസികൾക്കൊപ്പമല്ലെന്ന പ്രചാരണം കേരളത്തിലെ ബിജെപി ഇനി കടുപ്പിക്കും.