ദില്ലി: ജമ്മു കശ്മീരിൽ സൈന്യം ചോദ്യം ചെയ്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ ഗ്രാമം ഇന്ത്യൻ കരസേന ദത്തെെടുക്കുമെന്ന് റിപ്പോർട്ട്. രജൗരിയിലെ ടോപ്പി പീർ ഗ്രാമം ആണ് ദത്തെടുക്കുക. ഗ്രാമീണരുടെ വികസനത്തിനായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ദീർഘകാല പദ്ധതി തയ്യാറാക്കുമെന്നും സൈന്യം അറിയിച്ചു. ബഫലിയാസ് സ്വദേശികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരെയാണ് ഡിസംബർ 23ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ, ഇവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അധികൃതർ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ചോദ്യം ചെയ്ത 13 യുവാക്കളിൽ ഇവരുമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് സംബന്ധിച്ച് വ്യാജ പ്രചാരണം തടയുന്നതിനായാണ് രജൗരിയിലും പൂഞ്ചിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.