Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യകാർമികത്വം വഹിച്ചു.

ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾ ജിറെല്ലി, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ.ഫിലിപ് നെരി അന്റോണിയോ സെബാസ്റ്റ്യാവോ ഡോ റൊസാരിയോ ഫെറാവോ, മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്​ പുതിയ ആർച്ച്​ ബിഷപ്പിനെ തെരഞ്ഞെടുത്തത്​. തിങ്കളാഴ്ച ആരംഭിച്ച സിനഡിന്‍റെ രണ്ടാംദിവസം രഹസ്യബാലറ്റ്​ വഴി നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്​. തുടർന്ന് മാർപ്പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേ സമയം പ്രഖ്യാപിക്കുകകയായിരുന്നു.

തൃശൂർ സ്വദേശികളായ തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്ത്​ മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണ്​ മാർ റാഫേലിന്‍റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തൃശൂർ അതിരൂപതയുടെ തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വൈദികപരിശീലനത്തിന്​ ചേർന്നു.

വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയിൽനിന്ന്​ തത്വശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം, 1980 ഡിസംബർ 21ന്​ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നാണ്​ പൗരോഹിത്യം സ്വീകരിച്ചത്​.. തുടർന്ന് 1981 മുതൽ അരണാട്ടുകരയിൽ അസിസ്റ്റന്‍റ് വികാരിയായി സേവനം തുടങ്ങി.

1988ൽ കുരിയ വൈസ് ചാൻസലറും 1991ൽ മൈനർ സെമിനാരി വൈസ് റെക്ടറും 1992 മുതൽ 1995 വരെ കാറ്റക്കിസം ഡയറക്ടറായും പ്രവർത്തിച്ചു. 1995 മുതൽ 2000 വരെ ചാൻസലറും എപാർഷ്യൽ ജഡ്ജിയുമായി. 2010 ഏപ്രിൽ 10ന് ബിഷപ്പ് ആയി സ്ഥാനകയറ്റം ലഭിച്ച മാർ റാഫേൽ തട്ടിൽ, തൃശ്ശൂർ, ബ്രൂണി രൂപതകളിൽ പ്രവർത്തിച്ചു. തുടർന്ന് 2017 ഒക്ടോബർ 10ന് ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു.

സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. കർദിനാൾ ആന്‍റണി പടിയറ, കർദിനാൾ വർക്കി വിതയത്തിൽ, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റ് മൂന്നു പേർ. ഇതിൽ കർദിനാൽ ആന്‍റണി പടിയറയെയും കർദിനാൽ വർക്കി വിതയത്തിലിനെയും മാർപ്പാപ്പ നേരിട്ട് നിയമിച്ചതാണ്. എന്നാൽ, കർദിനാൾ ജോർജ് ആലഞ്ചേരിയെ സീറോ മലബാർ സഭ സിനഡ് ആണ് നിയോഗിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com